ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോൽവി; പരാജയ കാരണം പഠിക്കാൻ ബിജെപി
Tuesday, November 26, 2024 6:20 PM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ തോൽവി പഠിക്കാൻ ബിജെപി. പാലക്കാട്, തൃശൂർ, വയനാട് ജില്ലാ പ്രസിഡന്റുമാർ പരാജയ കാരണവും മണ്ഡലങ്ങളിലെ സാഹചര്യവും പഠിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിർദ്ദേശം നൽകി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം ഏഴ്, എട്ട് തീയതികളിൽ ചേരുന്ന യോഗത്തിൽ പരാജയം വിശദമായി ചർച്ച ചെയ്യും. ഈ യോഗത്തിൽ പ്രകാശ് ജാവദേക്കറും പങ്കെടുക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ റിപ്പോർട്ട് കിട്ടിയതിന് ശേഷം മതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ബിജെപി വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെ.പി.മധു പാർട്ടി വിട്ടു. പാർട്ടിയിൽ നടക്കുന്നത് തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നും ഇത് നിയന്ത്രിക്കാൻ ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു.