പി.എം.എ.സലാം തലവേദനയെന്ന് ലീഗ് നേതാക്കള്‍
Monday, November 25, 2024 10:41 PM IST
കോഴിക്കോട്: മുസ്ലീം ലീഗ് -സമസ്ത ബന്ധം ശക്തിപ്പെടുത്താന്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിക്കുന്നതിനിടെ തലവേദനയായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. സലാം നടത്തുന്ന അനവസരത്തിലുള്ള പ്രസ്താവനകള്‍ ലീഗ് - സമസ്ത ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നുവെന്നാണ് ആക്ഷേപം.
സമസ്തയിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് ന്യൂന പക്ഷ വോട്ടുകളിലേക്ക് കടന്നുകയറാന്‍ സിപിഎം കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് സലാമിന്റെ ഭാഗത്തുനിന്നുള്ള പ്രസ്താവനകളെന്നാണ് ലീഗ് നേതൃത്വത്തില്‍ വലിയൊരു വിഭാഗം കരുതുന്നത്. ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനുശേഷം ശമനമുണ്ടായിരുന്നു.
മാത്രമല്ല ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശിച്ച സംഭവത്തില്‍ സമസ്ത ലീഗിനൊപ്പം നില്ക്കുന്ന നിലപാടാണു സ്വീകരിച്ചത്. ഇതിനിടെയാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ പി.എം.എ.സലാമിന്റെ പരോക്ഷവിമർശനം വിവാദമായത്.
സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജയിച്ചപ്പോൾ മറ്റൊരു നേതാവ് അനുഗ്രഹിച്ച ഡോ. പി.സരിൻ മൂന്നാമതായെന്നും മുസ്ലിം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നുമായിരുന്നു പരാമർശം. പാലക്കാട്ടെ യുഡിഎഫ് ജയത്തിനു പിന്നാലെ കുവൈത്തിൽ സലാം നടത്തിയ പരാമർശമാണു വിവാദമായത്.
പ്രസ്താവന വിവാദമായതോടെ സലാമിനെതിരേ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കൾ രംഗത്തെത്തി. സമസ്തയുടെ പണ്ഡിതരെ അപമാനിക്കാൻ സലഫി ആശയക്കാരനായ പി.എം.എ.സലാം ലീഗിനെ മറയാക്കുന്നെന്നും ഇത്തരം ശ്രമങ്ങളെ ചെറുത്തുതോൽപിക്കുമെന്നുമായിരുന്നു പ്രസ്താവന.
ഇതോടെയാണ് പി.എം.എ.സലാം വിശദീകരണവുമായി രംഗത്ത് വന്നത്. താൻ ജിഫ്രി മുത്തുക്കോയ തങ്ങളെ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കിയത്. സരിനെ അനുഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചാണ് തന്റെ പ്രസ്താവന എന്നും മറിച്ചുള്ള വാദം മുത്തുക്കോയ തങ്ങളെ അപമാനിക്കാൻ ആണെന്നും സലാം കൂട്ടിച്ചേര്‍ത്തു.
ജിഫ്രിതങ്ങളെ പരിഹസിച്ചെന്ന ആരോപണം സലാം തന്നെ നിഷേധിച്ചിട്ടുണ്ടെന്നും സമസ്തയും മുസ്ലീം ലീഗും ഒന്നിച്ചുപോകണമെന്ന ലക്ഷോപലക്ഷം പേരുടെ വികാരം മാനിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും വിശദീകരിച്ചുകൊണ്ട് പി.കെ.കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി.
പക്ഷെ ഇപ്പോഴും സമസ്ത നേതാക്കള്‍ പ്രതിഷേധത്തില്‍ തന്നെയാണ്. ഇത് ആദ്യമായല്ല സമസ്തക്കെതിരേ സലാം പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് സമസ്ത നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.