നിര്‍മല സീതാരാമനും കെ.വി.തോമസും ചർച്ച നടത്തി; വയനാടിന് ആശ്വാസം
Monday, November 25, 2024 8:24 PM IST
ന്യൂഡൽഹി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന് പ്രത്യേക പാക്കേജ് സമയബന്ധിതമായി ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നിര്‍മല സീതാരാമൻ.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് നടത്തിയ ചർച്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കേരളത്തിന്റെ കാര്യത്തില്‍ പ്രത്യേക താത്പര്യത്തോടെയാണ് കേന്ദ്ര മന്ത്രി ഇടപെട്ടതെന്നും കെ.വി.തോമസ് വ്യക്തമാക്കി.
മൂന്നാം തവണയാണ് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.വി.തോമസ് നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുന്നത്. ദുരന്തവുമായി ബന്ധപ്പട്ട് കേന്ദ്രസംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് മന്ത്രി പരിശോധിച്ചെന്നും കെ.വി.തോമസ് പറഞ്ഞു.
വയനാടിനായി പ്രത്യേക പാക്കേജ് അനുവദിക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ദുരിതാശ്വാസ നിധിയില്‍ നിന്ന് ആവശ്യമെങ്കില്‍ വയനാടിനായി തുക ചെലവാക്കാമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു.