സ്ഥാനാർഥി നിർണയം പാളി, ബിജെപി നേതൃത്വത്തെ വിമർശിച്ച് പാലക്കാട് നഗരസഭ അധ്യക്ഷ
Monday, November 25, 2024 1:03 PM IST
പാലക്കാട്: പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപി നേതൃത്വത്തെ വിമർശിച്ച് പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ. സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്ന് പ്രമീള പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ മാറ്റിയാൽ നന്നാകുമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ സി. കൃഷ്ണകുമാറിനെ മാറ്റാറായില്ലെയെന്നും പൊതുജനം ചോദിച്ച സാഹചര്യത്തിലാണ് സ്ഥാനാർഥി മാറ്റം ആവശ്യപ്പെട്ടതെന്നും പ്രമീള പറഞ്ഞു.
തന്റെ വാർഡിൽ വോട്ട് ചോർച്ച ഉണ്ടായിട്ടില്ല. ആർക്ക് വോട്ട് ചെയ്യണമെന്ന് ജനമാണ് തീരുമാനിക്കുന്നത്. അതാണ് തെരഞ്ഞെടുപ്പിൽ വ്യക്തമായത്. നഗരസഭ ഭരണത്തിൽ പാളിച്ചയില്ലെന്നും പ്രമീള കൂട്ടിച്ചേർത്തു.