ഉപതെരഞ്ഞെടുപ്പുകളിൽ ബിഎസ്പി ഇനി മത്സരിക്കില്ല: മായാവതി
Sunday, November 24, 2024 4:29 PM IST
ലക്നോ: ലോക്സഭയിലേക്കും നിയമസഭ മണ്ഡലങ്ങളിലേക്കും ഇനി ഉപതെരഞ്ഞെടുപ്പുകൾ നടക്കുകയാണെങ്കിൽ ബിഎസ്പി മത്സരിക്കില്ലെന്ന് പാർട്ടി അധ്യക്ഷ മായാവതി. ഉപതെരഞ്ഞെടുകളിൽ സർക്കാർ സംവിധാനങ്ങൾ ദുരൂപയോഗം ചെയ്തും ഭരണ സ്വാധീനം ഉപയോഗിച്ചും ഭരണകക്ഷി വിജയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മായാവതി കുറ്റപ്പെടുത്തി.
ഇത്തരത്തിലുള്ള നടപടികൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടികൾ സ്വീകരിക്കുന്ന കാലം വരെ ബിഎസ്പി ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് പാർട്ടി അധ്യക്ഷ വ്യക്തമാക്കി.ഉത്തർപ്രദേശ് നിയമസഭയിലെ ഒൻപത് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു മായാവതിയുടെ പ്രതികരണം.
"സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ ഏഴ് സ്ഥലത്തും ഭരകക്ഷിയാണ് വിജയിച്ചിരിക്കുന്നത്. ഇത് ഭരണ സ്വാധീനം ഉപയോഗിച്ചാണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ട്. പണ്ട് ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്, ഇപ്പോൾ ഇവിഎം ഉപയോഗിക്കുന്നു.'-മായാവതി പറഞ്ഞു.
എന്നാൾ പൊതുതെരഞ്ഞടുപ്പുകളിലും തദ്ദേശതെരഞ്ഞടുകളിലും പാർട്ടി മത്സരിക്കുമെന്നും ബിഎസ്പി അധ്യക്ഷ വ്യക്തമാക്കി. ആ തെരഞ്ഞെടുപ്പുകളിൽ അധികാര ദുർവിനിയോഗം നടത്താനുള്ള സാധ്യത കുറവാണെന്നും മായാവതി പറഞ്ഞു.