ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണം; 15 പേർ മരിച്ചു
Sunday, November 24, 2024 12:06 AM IST
ബെയ്റൂട്ട്:ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിന്റെ മധ്യഭാഗത്ത് ഇസ്രേലി സേന നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ നാലിനുണ്ടായ ഉഗ്രസ്ഫോടനം നഗരത്തെ മൊത്തം കുലുക്കിയെന്നാണു റിപ്പോർട്ട്.
എട്ടുനിലക്കെട്ടിടം പൂർണമായി നിലംപൊത്തി. അവശിഷ്ടങ്ങൾക്കടിയിൽ ഒട്ടേറെപ്പേർ കുടുങ്ങിയിരിക്കാമെന്നു സംശയിക്കുന്നു. മരണസംഖ്യ ഉയരുമെന്നാണു ലബനീസ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചത്.
മുന്നറിയിപ്പു നല്കാതെയാണ് ഇസ്രേലി സേന ആക്രമണം നടത്തിയതെന്നു പറയുന്നു. ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളെ ലക്ഷ്യംവച്ച് ആക്രമണം നടത്തിയതുകൊണ്ടാകാം മുന്നറിയിപ്പു നല്കാതിരുന്നത്. നാലു ബോംബുകൾ ഉപയോഗിച്ചു.
അടുത്ത ദിവസങ്ങളിൽ ബെയ്റൂട്ടിന്റെ മധ്യഭാഗം കേന്ദ്രീകരിച്ച് ഇസ്രേലി സേന നടത്തുന്ന നാലാമത്തെ വ്യോമാക്രമണം ആണിത്. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ തെക്കൻ ബെയ്റൂട്ടിലും ആക്രമണമുണ്ടായി.
കഴിഞ്ഞവർഷം ഒക്ടോബറിലെ ഹമാസ് ഭീകരാക്രമണത്തിനു പിന്നാലെ ഹിസ്ബുള്ളകൾ ഇസ്രയേലിനെ ആക്രമിക്കാൻ തുടങ്ങിയതാണു സംഘർഷത്തിനു കാരണം. ഇസ്രേലി ആക്രമണങ്ങളിൽ 3645 പേർ കൊല്ലപ്പെട്ടുവെന്നാണു ലബനീസ് ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചത്.
മൂന്നു പതിറ്റാണ്ട് ഹിസ്ബുള്ളയെ നയിച്ച ഹസൻ നസറുള്ളയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഹിസ്ബുള്ള ഭീകരരുടെ ആക്രമണങ്ങളിൽ ഇസ്രേലി ഭാഗത്ത് 70 സൈനികരടക്കം നൂറിലധികം പേർ കൊല്ലപ്പെട്ടു.
അമേരിക്കയുടെ പ്രത്യേക പ്രതിനിധി ആമോസ് ഹോഷ്സ്റ്റെയിൻ വെടിനിർത്തൽ ചർച്ചയ്ക്കായി കഴിഞ്ഞ ദിവസം ലബനനും ഇസ്രയേലും സന്ദർശിച്ചിരുന്നു.