ജയം ഉറപ്പെന്ന് ആവർത്തിച്ച് പാലക്കാട്ടെ ഇടത് സ്ഥാനാർഥി ഡോ. സരിൻ
Saturday, November 23, 2024 7:11 AM IST
പാലക്കാട്: ജയം ഉറപ്പെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർഥി ഡോ. സരിൻ. ആദ്യത്തെ അഞ്ച് റൗണ്ടിൽ നിർണായകമായ രണ്ട് ബൂത്തുകളുള്ളതിൽ കഴിഞ്ഞ തവണ എൽഡിഎഫ് നേടിയതിലേറെ വോട്ട് നേടുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ രണ്ട് റൗണ്ട് എണ്ണിക്കഴിയുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുവരാനുള്ള സാഹചര്യമുണ്ടാകും. നഗരസഭയിലാണ് ആദ്യം വോട്ടെണ്ണുന്നത് എന്നത് അംഗീകരിച്ചുകൊണ്ടാണ് പറയുന്നത്.
കണക്കുകൾ ഭദ്രമാണ്. ആശങ്ക ഒന്നുമില്ല. 36300 വോട്ടുള്ള പിരായിരിയിൽ 26000 വോട്ടാണ് പോൾ ചെയ്തത്. 44000 വോട്ടാണ് കണ്ണാടിയിലും മാത്തൂരിലുമുള്ളത്. ഇവിടെ 34000 വോട്ടാണ് പോൾ ചെയ്തത്. ഇവിടെ എണ്ണായിരത്തോളം വോട്ട് ആർക്ക് പോൾ ചെയ്തുവെന്ന് അറിയാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നഗരസഭയിൽ ബിജെപി ലീഡ് ചെയ്യും. അത് നാലായിരമോ ആറായിരമോ എണ്ണായിരമോ ആയാലും പാലക്കാട് ബിജെപിയുടെ പുറകിൽ എൽഡിഎഫായിരിക്കും. നഗരസഭയിൽ 1500 വോട്ടിന് യുഡിഎഫിന്റെ പുറകിൽ പോയാലും പിരായിരി എണ്ണിക്കഴിയുമ്പോൾ ഇടതുമുന്നണി ജയിക്കും. 179, 180 മെഷീനുകളിലെ ലീഡിൽ ജയിക്കും. ആദ്യ അഞ്ച് റൗണ്ടിൽ പിടിച്ചുനിൽക്കും. 10 വരെ നിലനിൽക്കും. അവസാനം ജയിക്കുമെന്നും സരിൻ പറഞ്ഞു.