ഓക്സ്ഫോർഡ് സർവകലാശാലയിൽ മമതാ ബാനർജി പ്രസംഗിക്കുന്നതിനിടെ പ്രതിഷേധം
Friday, March 28, 2025 7:01 AM IST
ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാലയിലെ കെല്ലോഗ് കോളജിൽ പ്രസംഗിക്കുന്നതിനിടെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസംഗം തടസപ്പെടുത്താൻ ശ്രമം.
തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമം, ആർജി കർ കോളജ്, ആശുപത്രി സാമ്പത്തിക അഴിമതി എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് ഒരുസംഘം വിദ്യാർഥികൾ മമത ബാനർജിക്കെതിരെ മുദ്രാവാക്യം വിളിച്ചത്.
എന്നാൽ, പ്രതിഷേധക്കാരോട് മാന്യമായി പെരുമാറിയ മമത ബാനർജി, സ്ഥിതിഗതികൾ ശാന്തമായി കൈകാര്യം ചെയ്തു. അൽപ്പ സമയത്തിന് ശേഷം, സദസിലുണ്ടായിരുന്ന മറ്റുള്ളവരുടെ കൂട്ടായ പ്രതിഷേധത്തെത്തുടർന്ന് വിദ്യാർഥികൾ ഹാളിൽ നിന്നും പുറത്തുപോകാൻ നിർബന്ധിതരാവുകയായിരുന്നു.
വിദ്യാർഥികളുടെ പെട്ടെന്നുള്ള പ്രതിഷേധത്തിൽ സദസിലുണ്ടായിരുന്ന അതിഥികൾ ആദ്യം ഞെട്ടിയെങ്കിലും മുഖ്യമന്ത്രിയുടെ പ്രതികരണത്തെ അവർ കൈയടിച്ചു അഭിനന്ദിച്ചു. സംഭവസമയം മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും സദസിൽ ഉണ്ടായിരുന്നു.