ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും
Saturday, November 23, 2024 5:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഒൻപത് ഓടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ വിജയികൾ ആരെന്നതിൽ ഏതാണ്ട് വ്യക്തതയുണ്ടാകും.
ചേലക്കരയും പാലക്കാടുമാണു മൂന്നു മുന്നണികളും പ്രതീക്ഷയോടെ നോക്കുന്നത്. പാലക്കാട് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ഇതു നിലനിർത്തുകയും ചേലക്കര പിടിച്ചെടുക്കുകയും ചെയ്താൽ സർക്കാർ വിരുദ്ധ മനോഭാവം ഇപ്പോഴും നിലനിൽക്കുന്നു എന്നു യുഡിഎഫിനു വാദിക്കാം.
വയനാട്ടിൽ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. മറ്റു മുന്നണികൾക്ക് അവിടെ പ്രതീക്ഷയുമില്ല. ചേലക്കര നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ സിപിഎമ്മിൽ അതു പ്രതിസന്ധി സൃഷ്ടിക്കും. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതൃത്വവും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും.
ബിജെപിയെ സംബന്ധിച്ച് ചേലക്കരയിൽ പ്രതീക്ഷയില്ല. എന്നാൽ പാലക്കാട് വിജയം പ്രതീക്ഷിക്കുന്നു. അവിടെ വിജയിച്ചാൽ തൃശൂർ ലോക്സഭാ സീറ്റിലെ വിജയത്തിന്റെ തുടർച്ചയാകും അത്. തെരഞ്ഞെടുപ്പു ഫലങ്ങൾ സർക്കാരിന്റെ നിലനിൽപ്പിനെ ഒരുതരത്തിലും ബാധിക്കില്ലെങ്കിലും മൂന്നു മുന്നണികളുടെയും നേതൃത്വങ്ങൾക്ക് നെഞ്ചിടിപ്പിനു വകയുണ്ട്.