പ്രശസ്ത എഴുത്തുകാരൻ ഓംചേരി എന്‍.എന്‍. പിള്ള അന്തരിച്ചു
Friday, November 22, 2024 2:23 PM IST
ന്യൂഡല്‍ഹി: പ്രമുഖ സാഹിത്യകാരന് പ്രഫ. ഓംചേരി എന്‍.എന്‍. പിള്ള (100) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കവിതയും ഗദ്യസാഹിത്യവും നാടകവുമുള്‍പ്പടെ നിരവധി കൃതികളുടെ കര്‍ത്താവുമാണ്.
1924-ല്‍ വൈക്കം ടിവി പുരത്തിനടുത്ത മൂത്തേടത്തുകാവിൽ പി. നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും ഇളയമകനായി എന്‍.എന്‍. പിള്ള ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം 1951ൽ ആണ് ആകാശവാണി ജീവനക്കാരനായി ഡല്‍ഹിയില്‍ എത്തിയത്. 76 വര്‍ഷത്തിലേറെയായി ഡൽഹിയിലായിരുന്നു താമസം. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
സംഗീതജ്ഞന് കമുകറ പുരുഷോത്തമന്റെ സഹോദരിയും എഴുത്തുകാരിയുമായ പരേതയായ ലീലാ ഓംചേരിയാണ് ഭാര്യ. മകന് എസ്.ഡി. ഓംചേരി (ശ്രീദീപ് ഓംചേരി). മകള്‍ ദീപ്തി ഓംചേരി.
സമസ്തകേരള സാഹിത്യ പരിഷത്ത് സമ്മാനം (1952), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് - നാടകം (1972), സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ് (1974), കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്കാരം (2010), കേരള സംഗീത നാടക അക്കാദമി പ്രവാസി കലാരത്നാ അവാര്‍ഡ് (2012), നാട്യഗൃഹ അവാര്‍ഡ് (2014), കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പ്രഥമ കേരള പ്രഭാ പുരസ്കാരം (2022) എന്നിവ ലഭിച്ചിട്ടുണ്ട്.