മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ്; നർകോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിക്കും
Thursday, November 21, 2024 11:30 PM IST
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ.ഗോപാലകൃഷ്ണനെതിരെ പ്രാഥമികാന്വേഷണം നടത്തും. നർകോട്ടിക് അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.
ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുക. കേസിൽ കെ.ഗോപാലകൃഷ്ണനെതിരെ അന്വേഷണം നടത്താമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. മതപരമായ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കാമെന്നായിരുന്നു നിയമോപദേശം.
നിലവിൽ സസ്പെൻഷനിലാണ് ഗോപാലകൃഷ്ണൻ. തന്റെ ഫോൺ ഹാക്ക് ചെയ്താണ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചു.