സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യുസിസി ഹൈക്കോടതിയിൽ
Thursday, November 21, 2024 5:57 PM IST
കൊച്ചി: സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യവുമായി വുമൺ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) ഹൈക്കോടതിയിൽ. സർക്കാർ നിയമം വരുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഡബ്ല്യുസിസി ആവശ്യം ഉന്നയിച്ചു.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതി സ്പെഷൽ ബെഞ്ചിന്റെ സിറ്റിംഗ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയർത്തിയത്.
പോഷ് നിയമവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകൾക്ക് സുരക്ഷ ഉൾപ്പെടെ ഏർപ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.
2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. ഹർജിയിലെ വാദം ബുധനാഴ്ച ആരംഭിക്കും.