അഴിമതി അപമാനകരം, അദാനിക്കെതിരെ സിബിഐ കേസെടുക്കണം: സിപിഎം
Thursday, November 21, 2024 1:59 PM IST
ന്യൂഡൽഹി: സൗരോർജ കരാറുമായി ബന്ധപ്പെട്ട് തട്ടിപ്പിനും കൈക്കൂലിക്കും യുഎസിൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ ഉടൻ സിബിഐ കേസെടുക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
പല സംസ്ഥാനങ്ങളിലായി നടന്ന അഴിമതി അമേരിക്കൻ ഏജൻസി കണ്ടെത്തേണ്ടി വന്നത് അപമാനകരമാണ്. പ്രധാനമന്ത്രിയുടെ സംരക്ഷണം കാരണമാണ് അദാനിക്കെതിരെ കേസില്ലാത്തതെന്നെന്നും സിപിഎം ചൂണ്ടിക്കാട്ടി.
ന്യൂയോർക്കിലെ യുഎസ് അറ്റോർണി ഓഫീസാണ് അദാനിക്കെതിരായി കുറ്റപത്രം സമർപ്പിച്ചത്. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ശതകോടികളുടെ സൗരോർജ കരാർ നേടിയെന്നാണ് കേസ്. ഇന്ത്യയിൽ സൗരോർജ കോൺട്രാക്റ്റുകൾ ലഭിക്കുന്നതിനായാണ് അദാനി ഇന്ത്യൻ അധികൃതർക്ക് കൈക്കൂലി നൽകിയത്.
250 മില്യൺ ഡോളറിൽ അധികം കൈക്കൂലിയായി നൽകിയതായാണ് വിവരം. ഈ വിവരം മറച്ചുവച്ച് അമേരിക്കയിൽ വൻ നിക്ഷേപ തട്ടിപ്പ് നടത്തിയതായും കേസുണ്ട്.
നിക്ഷേപകരിൽനിന്ന് 175 മില്യൺ ഡോളർ സമാഹരിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ഗൗതം അദാനിയും ബന്ധു സാഗർ അദാനിയും ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ.