"കോടതി വിധിയനുസരിച്ച് അന്വേഷണം നടക്കട്ടെ': സജി ചെറിയാനെ സംരക്ഷിച്ച് സിപിഎം
Thursday, November 21, 2024 1:25 PM IST
തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കു പിന്നാലെ മന്ത്രി സജി ചെറിയാനെ സംരക്ഷിച്ച് സിപിഎം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പാർട്ടിയും സർക്കാരും ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
കോടതി വിധിയനുസരിച്ച് അന്വേഷണം നടക്കട്ടെ. നിയമവിദഗ്ധരുമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം സജി ചെറിയാൻ രാജിവയ്ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ഗോവിന്ദൻ തയാറായില്ല.
മല്ലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. പോലീസ് നൽകിയ റിപ്പോർട്ട് തള്ളിയ കോടതി, കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ റിപ്പാർട്ട് റദ്ദാക്കുകയും അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും കോടതി റദ്ദാക്കി. കേസിൽ കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പോലീസ് അന്വേഷണത്തിൽ പാളിച്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു.
സാക്ഷികളായ മാധ്യമപ്രവർത്തകരുടെ മൊഴി എടുക്കാത്തത് തെറ്റാണ്. ധൃതി പിടിച്ചാണ് പോലീസ് അന്വേഷണം പൂർത്തീകരിച്ചതെന്നും കോടതി വിമർശിച്ചു. "കുന്തം കുടചക്രം' എന്നീ വാക്കുകൾ ഉപയോഗിച്ചത് ഏത് സാഹചര്യത്തിലെന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.