ഉത്സവങ്ങളിൽ നാട്ടാനകളുടെ സംരക്ഷണം ഉറപ്പു വരുത്തും: മന്ത്രി എ.കെ. ശശീന്ദ്രൻ
Wednesday, November 20, 2024 3:32 PM IST
തിരുവനന്തപുരം: കേരളീയ തനിമയോടെ ആചാരങ്ങളിലും ഉത്സവങ്ങളിലും ആന എഴുന്നള്ളിപ്പ് നിലനിർത്തുന്നതോടൊപ്പം നാട്ടാനകളുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
രാജ്യത്ത് ആദ്യമായി നാട്ടാന പരിപാലന ചട്ടങ്ങൾ നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. 2003ൽ ആദ്യമായി വന്ന ചട്ടം 2012ൽ ഭേദഗതി ചെയ്തതാണ് നിലവിൽ പ്രാബല്യത്തിലുള്ളത്. 2018 ലെ നാട്ടാന സെൻസസ് പ്രകാരം കേരളത്തിൽ 521 നാട്ടാനകളുണ്ടായിരുന്നു. നിലവിലെ കണക്ക് പ്രകാരം 381 നാട്ടാനകൾ ഉള്ളതിൽ 39 എണ്ണം വനം വകുപ്പിന്റെ സംരക്ഷണയിലുള്ളതാണ്.
ആനകളുടെ എണ്ണത്തിൽ കുറവ് വന്നതും ഉത്സവങ്ങളിലടക്കം ആനകൾക്ക് ആവശ്യം കൂടിയ സാഹചര്യം നിലവിലുണ്ട്. ഇതോടെ ആനകളുടെ പ്രദർശനവും ഉപയോഗവും നിയന്ത്രണാതീതമായി വർധിച്ചുവെന്നും മന്ത്രി പറഞ്ഞു.
ആനകളുടെ ഉടമസ്ഥർ, ഉത്സവ നടത്തിപ്പുകാർ, ആന പരിപാലന സംഘടനകൾ എന്നിവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ച് ചട്ടം നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.