പാലക്കാട് വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ്
Wednesday, November 20, 2024 12:07 PM IST
പാലക്കാട്: വിവാദങ്ങൾക്കും വാശിയേറിയ പ്രചാരണങ്ങള്ക്കുമൊടുവില് പാലക്കാട് വിധിയെഴുതുന്നു. വോട്ടെടുപ്പിന്റെ ആദ്യ മൂന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ടിംഗ് ശതമാനം 23.79 ആണ്. ഇതുവരെ 28.58 ശതമാനം (26,988) പുരുഷന്മാരും 25.58 ശതമാനം (25,657) സ്ത്രീകളും മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി.
ആദ്യ രണ്ട് മണിക്കൂറില്‍ മന്ദഗതിയിലായിരുന്നെങ്കില്‍ പല ബൂത്തുകളിലും ഇപ്പോള്‍ തിരക്കനുഭവപ്പെടുന്നുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിംഗ്.
എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. ഷാഫി പറമ്പിൽ എംപിയും വോട്ട് ചെയ്തു. അതേസമയം, എൽഡിഎഫ് സ്ഥാനാർഥി പി. സരിന് 88-ാം നമ്പർ ബൂത്തിൽ വിവി പാറ്റ് യന്ത്രത്തിൽ സാങ്കേതിക തകരാറുണ്ടായതോടെ വോട്ട് രേഖപ്പെടുത്താനായില്ല. പിന്നീട് തകരാർ പരിഹരിച്ചു.
അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര് സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര് 85 വയസിനു മുകളില്‍ പ്രായമുള്ളവരും 780 പേര് ഭിന്നശേഷിക്കാരും നാലു പേര് ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.
2445 കന്നിവോട്ടര്‍മാരും 229 പ്രവാസി വോട്ടര്‍മാരുമുണ്ട്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. നാല് ഓക്സിലറി ബുത്തുകള്‍ ഉള്‍പ്പെടെ ആകെ 184 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 736 പോളിംഗ് ഓഫീസര്‍മാരെയാണ് ഇവിടേക്ക് നിയമിച്ചിരിക്കുന്നത്.