ഇനി പിടിച്ചാൽ കിട്ടില്ല! തിരിച്ചുകയറി സ്വർണവില, ഒറ്റയടിക്ക് കൂടിയത് 400 രൂപ
Wednesday, November 20, 2024 11:31 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി മൂന്നാം ദിവസവും കുതിച്ചുകയറി. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഇതോടെ, സ്വർണവില പവന് 56,920 രൂപയിലും ഗ്രാമിന് 7,115 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ കൂടി 5,822 രൂപയിലെത്തി. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 7,762 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച പവന് 480 രൂപയും ചൊവ്വാഴ്ച 560 രൂപയും വർധിച്ചിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഏകദേശം 3500 രൂപ കുറഞ്ഞ ശേഷമാണ് തിങ്കളാഴ്ച മുതൽ സ്വർണവിലയിൽ മുന്നേറ്റം ദൃശ്യമായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,500 രൂപയാണ് വർധിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യാന്തര സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടാകുന്നത്. ചൊവ്വാഴ്ച 0.75 ശതമാനം ഉയർന്ന സ്വർണം ഇന്ന് നേരിയ നേട്ടത്തോടെ 2,641 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 99 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.