തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
Wednesday, November 20, 2024 11:07 AM IST
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
ഹൈക്കോടതി ഉത്തരവിൽ പിഴവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് സി.ടി. രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ഓസ്ട്രേലിയൻ പൗരൻ പ്രതിയായ ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്.
കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു.
അടിവസ്ത്രത്തിൽ ഹാഷിഷുമായി എത്തിയ ഓസ്ട്രേലിയൻ പൗരൻ സാൽവാദോർ സാർലി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. ആന്റണി രാജുവിന്റെ സീനിയർ അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് ഓസ്ട്രേലിയൻ പൗരനുവേണ്ടി കോടതിയിൽ ഹാജരായത്. മയക്കുമരുന്ന് കേസിൽ ഇയാൾക്ക് തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷം തടവ് വിധിച്ചിരുന്നു.
പിന്നീട് ഇയാളെ ഹൈക്കോടതി വെറുതെവിടുകയായിരുന്നു. പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് പ്രതിയെ വെറുതെവിട്ടത്.
തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നും കേസ് ഗുരുതരം ആണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.