വായു മലിനീകരണം; ഡൽഹിയിൽ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു
Wednesday, November 20, 2024 10:53 AM IST
ന്യൂഡൽഹി: വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഡൽഹി സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. 50 ശതമാനം ജീവനക്കാർക്കാണ് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുന്നത്.
പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വായു ഗുണനിലവാര നിരക്ക് സിവിയർ പ്ലസ് വിഭാഗത്തിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി സർക്കാർ കത്തയച്ചു.
വിഷയത്തിൽ ഇടപെടേണ്ടതു പ്രധാനമന്ത്രിയുടെ ധാർമിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം അടിയന്തര യോഗം വിളിക്കണമെന്നും ഗോപാൽ റായ് കത്തിൽ ആവശ്യപ്പെട്ടിരുന്നു.
കൃത്രിമ മഴ പെയ്യിക്കാൻ വിവിധ വകുപ്പുകളുടെ അനുമതിയും സഹകരണവും ആവശ്യമാണ്. ശാശ്വത പരിഹാരം കേന്ദ്രസർക്കാർ നിർദേശിക്കണമെന്നും ഗോപാൽ റായ് ആവശ്യപ്പെട്ടിരുന്നു.