മഹാരാഷ്ട്രയിൽ രാവിലെ റിക്കാർഡ് പോളിംഗ്, ജാർഖണ്ഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു
Wednesday, November 20, 2024 10:18 AM IST
മുംബൈ/റാഞ്ചി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നിയമസഭ തെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജാർഖണ്ഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പാണ് പുരോഗമിക്കുന്നത്.
മഹാരാഷ്ട്രയിൽ രാവിലെ റിക്കാർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ ഒൻപത് വരെ 6.6 ശതമാനം പോളിംഗ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തി. ജാർഖണ്ഡിൽ 12.71 ശതമാനം പോളിംഗും രേഖപ്പെടുത്തി.
മഹാരാഷ്ട്രയിൽ ബിജെപി, ശിവസേന(ഷിൻഡെ), എൻസിപി(അജിത് പവാർ) പാർട്ടികൾ ഉൾപ്പെടുന്ന മഹായുതി സഖ്യവും കോൺഗ്രസ്, ശിവസേന(ഉദ്ധവ്), എൻസിപി(ശരദ് പവാർ) പാർട്ടികളുടെ മഹാ വികാസ് അഘാഡിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു നടക്കുന്നത്. 288 മണ്ഡലങ്ങളാണു സംസ്ഥാനത്തുള്ളത്.
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 38 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്. ഈ മാസം 13ന് ഒന്നാം ഘട്ടത്തിൽ 43 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു. 81 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇന്നു വോട്ടെടുപ്പ് നടക്കുന്നവയിലേറെയും ജനറൽ മണ്ഡലങ്ങളാണ്.
രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു പോളിംഗ്. ശനിയാഴ്ച വോട്ടെണ്ണും.