"സമസ്ത ആത്മീയരംഗത്തെ സൂര്യതേജസ്': വിവാദങ്ങൾക്കിടെ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യർ
Wednesday, November 20, 2024 9:09 AM IST
മലപ്പുറം: പത്രപരസ്യ വിവാദങ്ങൾക്കിടെ, പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മലപ്പുറം കഴിശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്.
തുടര്‍ന്ന് ഇന്ത്യൻ ഭരണഘടനയുടെ കൈയെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ എല്‍ഡിഎഫിന്റെ പരസ്യം വന്നത് കഴിഞ്ഞ ദിവസമാണ്. ഈ പശ്ചാത്തലത്തിലാണ് സന്ദീപിന്റെ സന്ദര്‍ശനം.
ആത്മീയരംഗത്തും വിദ്യാഭ്യാസ രംഗത്തും സൂര്യതേജസായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. അത്തരമൊരു സംഘടനയ്ക്ക് നേതൃത്വം നൽകുന്ന വലിയൊരു മനുഷ്യനാണ് ജിഫ്രി തങ്ങള്‍. അദ്ദേഹത്തിനോട് അങ്ങേയറ്റം ബഹുമാനമാണുള്ളത്.
ഏറെക്കാലമായി അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോളാണ് അതിന് സാഹചര്യമൊരുങ്ങിയത്. അദ്ദേഹത്തെ കാണാനും സ്നേഹം അനുഭവിക്കാനുമായത് ഭാഗ്യമായി കാണുന്നു. സമസ്തയുടെ സംഭാവനകള്‍ കേരളത്തിന്റെ ചരിത്രത്തിൽ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം തന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകമാകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
എല്ലാ സാമുദായിക വിഭാഗങ്ങളുടെയും പിന്തുണ തന്റെ രാഷ്ട്രീയ നിലപാടിന് ലഭിച്ചിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. കേരളത്തിന്റെ പൊതുമനസാക്ഷിയുടെ പ്രതികരണം ഇതാണെന്നാണ് കരുതുന്നത്. ഇതിനെ രാഷ്ട്രീയ വിവാദമാക്കേണ്ട കാര്യമില്ല. അങ്ങനെ ആക്കുന്നവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടാകും. കേരളത്തില്‍ മതനിരപേക്ഷതയും സാമൂഹ്യ ഐക്യവും വളര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സന്ദീപ് വ്യക്തമാക്കി.
അതേസമയം, കോണ്‍ഗ്രസ് സന്ദീപ് വാര്യരെ സ്വീകരിച്ചുവെന്നും അത്തരത്തിൽ സ്വീകരിക്കേണ്ടത് തന്നെയായിരുന്നുവെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ആവശ്യമായ ഏതെല്ലാം മാര്‍ഗങ്ങളുണ്ടോ അതെല്ലാം സ്വീകരിക്കുക എന്നതാണ് സമസ്തയുടെ സമീപനം. അതിന്റെ ഭാഗമായാണ് തന്നെ കാണാന്‍ വന്നതിനെയും കാണുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേർത്തു.
ഇന്ത്യാ രാജ്യത്ത് ഇഷ്ടപ്പെടുന്ന രാഷ്ട്രീയ കക്ഷികളില്‍ ആര്‍ക്കും പ്രവര്‍ത്തിക്കാം. മുമ്പ് രാജ്യത്തിന് ഗുണം ബിജെപിയെന്ന് സന്ദീപ് കരുതിയിരിക്കാം. അതുകൊണ്ട് അതില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി മാറുന്നതൊക്കെ ഓരോരുത്തരുടെയും സ്വന്തം ചിന്താഗതിയാണ്. പത്രത്തിൽ ആര് പരസ്യം കൊടുത്താലും സ്വീകരിക്കുന്ന കാര്യമാണെന്നും അതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.