വിവി പാറ്റ് പണിമുടക്കി; പോളിംഗ് വൈകി, വോട്ട് ചെയ്യാതെ മടങ്ങി സരിൻ
Wednesday, November 20, 2024 8:53 AM IST
പാലക്കാട്: വിവി പാറ്റ് യന്ത്രത്തിൽ സാങ്കേതിക തകരാറുണ്ടായതോടെ പാലക്കാട്ട് ഒരു ബൂത്തിൽ പോളിംഗ് ഒരു മണിക്കൂർ വൈകി. എല്‍ഡിഎഫ് സ്ഥാനാർഥി പി. സരിന് വോട്ട് ചെയ്യാനെത്തിയ 88ാം നമ്പർ ബൂത്തിലാണ് പ്രശ്നമുണ്ടായത്. ഇതേത്തുടർന്ന് സരിന് വോട്ട് ചെയ്യാതെ മടങ്ങിപ്പോയി.
പിന്നീട്, വിവി പാറ്റ് ഡിസ്പ്ലേയിലെ സാങ്കേതിക പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചു. 183 ബൂത്തുകളിലും രാവിലെ ഏഴിനു തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. രാവിലെ മുതൽ ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്.
പാലക്കാടിന്റേത് ശരിയുടെയും സത്യത്തിന്റെയും തീരുമാനമായിരിക്കുമെന്നും തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നുമാണ് സരിൻ രാവിലെ പ്രതികരിച്ചത്. പാലക്കാടിന്റെ ജനാധിപത്യബോധവും മതേതര കാഴ്ചപ്പാടൊക്കെ ഉയര്‍ത്തിപിടിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ജനങ്ങള്‍ കൂട്ടത്തോടെ അറിഞ്ഞു ചെയ്യുന്ന വോട്ടായി ഇത്തവണതേത് മാറും. ഇടത് പക്ഷത്തിന് അനുകൂലമായി പാലക്കാട്ടെ ജനം വോട്ട് ചെയ്യും. പാലക്കാട്ടെ ജനങ്ങളുടെ മനസ് തന്നോടൊപ്പം ഉണ്ടാകുമെന്നും സരിൻ പറഞ്ഞു.