വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക മുനമ്പ്; പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
Tuesday, November 19, 2024 11:33 PM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയെ ഒരു വ്യവസായിക സാമ്പത്തിക കേന്ദ്രമാക്കിമാറ്റുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ഇതിനായി വിഴിഞ്ഞം - കൊല്ലം - പുനലൂർ വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് പദ്ധതി കിഫ്ബി വഴി നടപ്പാക്കുന്നതിന് സർക്കാർ അംഗീകാരം നൽകിയെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് കൊല്ലം, തിരുവനന്തപുരം എന്നീ തെക്കൻ ജില്ലകളിലായി 1,456 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.
തീരപ്രദേശങ്ങൾ, മധ്യ മേഖല, മലയോര മേഖല എന്നിവയെ പ്രധാന റോഡ്-റെയിൽ ഇടനാഴികൾ വഴി വ്യവസായ ഇടനാഴിയുടെ ഭാഗമാക്കിക്കൊണ്ട് കേരളത്തിന്റെ സമ്പൂർണ വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.