പാലക്കാട് ബുധനാഴ്ച ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴിന് തുടങ്ങും
Tuesday, November 19, 2024 9:35 PM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര് സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര് 85 വയസിനു മുകളില്‍ പ്രായമുള്ളവരും 780 പേര് ഭിന്നശേഷിക്കാരും നാലു പേര് ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.
2445 കന്നിവോട്ടര്‍മാരും 229 പ്രവാസി വോട്ടര്‍മാരുമുണ്ട്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ 5.30ന് മോക് പോള്‍ ആരംഭിക്കും. പാലക്കാട് ഗവ.വിക്ടോറിയ കോളജിലെ കേന്ദ്രത്തില്‍ നിന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള സാമഗ്രികള്‍ വിതരണം ചെയ്തു. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെ വോട്ടിംഗ് യന്ത്രങ്ങള്‍ തിരികെയെത്തിക്കും.
നാല് ഓക്സിലറി ബുത്തുകള്‍ ഉള്‍പ്പെടെ ആകെ 184 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 736 പോളിംഗ് ഓഫീസര്‍മാരെയാണ് ഇവിടേക്ക് നിയമിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഒരു പോളിംഗ് സ്റ്റേഷനും ഒമ്പത് മാതൃകാ പോളിംഗ് ബൂത്തുകളും മണ്ഡലത്തില്‍ ഉണ്ടാവും.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് നടപടികള്‍ വെബ്കാസ്റ്റിംഗ് നടത്തുന്നുണ്ട്. ഏഴു പ്രശ്നബാധിത ബൂത്തുകളാണുള്ളത്. 58 എണ്ണം പ്രശ്ന സാധ്യതാ പട്ടികയിലുണ്ട്. ഇത്തരം ബൂത്തുകളില്‍ കേന്ദ്ര സുരക്ഷാ സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ അധിക സുരക്ഷയൊരുക്കും.
പോളിംഗ് സ്റ്റേഷനുകളിലേക്കായി റിസര്‍വ് അടക്കം 220 വീതം ബാലറ്റ്, കണ്ട്രോള് യൂണിറ്റുകളും 239 വിവിപാറ്റ് യൂണിറ്റുകളുമാണ് തയാറാക്കിയിരിക്കുന്നത്. ബാലറ്റ്, കണ്ട്രോള് യൂണിറ്റുകള്‍ 20 ശതമാനവും വിവിപാറ്റ് യൂണിറ്റുകള്‍ 30 ശതമാനം അധികമായി തയാറാക്കിയിട്ടുണ്ട്.