അനുമതിയില്ലാതെ പരസ്യം നൽകി; യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
Tuesday, November 19, 2024 7:30 PM IST
പാലക്കാട്: സന്ദീപ് വാര്യർക്കെതിരെ സിപിഎം നൽകിയ പത്ര പരസ്യത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മരക്കാര്‍ മാരായമംഗലമാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും നാട്ടില്‍ മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുന്ന നടപടിയാണിതെന്നും സംഭവത്തില്‍ ശക്തമായ നിയമ നടപടികളുണ്ടാകണമെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
വിവാദമായ പരസ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. മറ്റ് പരസ്യങ്ങൾക്ക് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി വാങ്ങിയിരുന്നു. സരിൻ തരംഗം എന്ന തലക്കെട്ടുള്ള പരസ്യത്തിൽ സന്ദീപിന്റെ പഴയ പ്രസ്താവനകളും ഉൾപ്പെടുത്തിയിട്ടുണ്ട്.