സുരക്ഷിതമായ ശബരിമല യാത്ര; ഹൈടക് പദ്ധതിയുമായി കോട്ടയം ജില്ലാ പോലീസ്
Tuesday, November 19, 2024 6:39 PM IST
കോട്ടയം: മണ്ഡല മകരവിളക്ക് കാലത്ത് അപകടങ്ങൾ കുറയ്ക്കാൻ കോട്ടയം ജില്ലാ പോലീസ് ഒരുക്കിയ മുന്നറിയിപ്പ് വീഡിയോയും അതിന്റെ ക്യുആർ കോഡും പ്രകാശനം ചെയ്തു. കോട്ടയം പോലീസ് ക്ലബിൽ നടത്തിയ പരിപാടിയിൽ മന്ത്രി വി.എൻ.വാസവൻ പ്രകാശനം നിർവഹിച്ചു.
കോട്ടയം എസ്പി ഷാഹുൽ ഹമീദാണ് നൂതന ആശയത്തിനു പിന്നിൽ. മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഓരോ സ്ഥലത്തെയും പ്രധാന ആക്സിഡന്റ് മേഖലകളുടെ ഗൂഗിൾ മാപ്പും, മുൻകാല അപകടങ്ങളുടെ ഫോട്ടോകളും, സ്ഥലവിവരണവും ഉൾപ്പെടുത്തിയാണ് വീഡിയോ നിർമിച്ചിരിക്കുന്നത്.
ശബരിമല പാതയിലെ പോലീസ് ചെക്കിംഗ് പോയിന്റുകളിൽ വിതരണം ചെയ്യുന്ന പോലീസ് നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസിന്റെ മറുവശത്ത് വീഡിയോയുടെ ലിങ്കും ക്യുആർ കോഡും പ്രിന്റ് ചെയ്തിട്ടുണ്ട്. ഈ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ജില്ലാ അതിർത്തിയായ കണമല വരെയുള്ള ശബരിമല പാതയിലെ അപകട സാധ്യത മേഖലകൾ കാണാൻ സാധിക്കും.
പ്രകാശന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, അഡീഷണൽ എസ്പി വിനോദ് പിള്ള, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ്, ചങ്ങനാശേരി ഡിവൈഎസ്പി വിശ്വനാഥൻ, കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് തുടങ്ങിയവർ പങ്കെടുത്തു.