പരസ്യം നല്‍കിയത് സിപിഎം, പണം നല്‍കിയത് ബിജെപി: കാഫിർ സ്ക്രീൻഷോട്ടിനേക്കാൾ ഗുരുതരമെന്ന് സന്ദീപ് വാര്യർ
Tuesday, November 19, 2024 3:16 PM IST
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ തലേന്ന് പത്രങ്ങളില്‍ സിപിഎം നല്കിയ പരസ്യം വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് സമാനമായതോ അല്ലെങ്കില്‍ അതിലും ഗുരുതരമായിട്ടുള്ളതോ ആയ പ്രചാരണ രീതിയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
നിശബ്ദ പ്രചരണത്തിന്റെ ദിവസം കേരളത്തിന്റെ സാമൂഹികതയെയും മതനിരപേക്ഷ നിലപാടുകളെ തകര്‍ക്കുകയും ചെയ്യുന്ന രീതിയാണ് സിപിഎം അവലംബിച്ചത്. പരസ്യം കൊടുത്തത് സിപിഎം ആണെങ്കിലും അതിന് പണം കൊടുത്തത് ബിജെപി ഓഫീസില്‍ നിന്നാണെന്നാണ് മനസിലാക്കുന്നതെന്നും സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രി പാണക്കാട്ടെ തങ്ങളെക്കുറിച്ച് ഒരു രാഷ്ട്രീയ നേതാവും പറയാന്‍ പാടില്ലാത്ത പ്രസ്താവന നടത്തി. അതിന്റെ പ്രത്യാഘാതം ഭയന്നാണ് ഇന്ന് വര്‍ഗീയ വിഭജനത്തിന് വേണ്ടി പുതിയ തുറുപ്പുചീട്ടുമായി വന്നത്.
താന്‍ പോന്നതില്‍ വിഷമം ഉണ്ടാകേണ്ടത് ബിജെപിക്കാണ്. അതിനെക്കാള്‍ ഏറെ സിപിഎം എന്തിനാണ് വിഷമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാഹുലിന് വന്‍ വിജയം ഉണ്ടാകുമെന്ന് ഉറപ്പായതോടെ ബിജെപിയും സിപിഎമ്മും പരിഭ്രാന്തിയിലാണ്. വിജയത്തിന്റെ ശോഭകെടുത്താനാണ് ഇത്തരത്തിലൊരു പരസ്യം നല്‍കിയത്. ഇത് സിപിഎമ്മിന് ബൂമറാംഗ് ആകും. പാര്‍ട്ടിയുമായി ആലോചിച്ച ശേഷം നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേർത്തു.