മിന്നു മണി തിരിച്ചെത്തി, സൂപ്പർതാരം പുറത്ത്; ഓസീസ് പര്യടനത്തിനുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ചു
Tuesday, November 19, 2024 1:58 PM IST
ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 16 അംഗ ടീമില്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. ഒരു ഇടവേളയ്ക്ക് ശേഷം മലയാളി താരം മിന്നു മണിയും ടീമിൽ ഇടംപിടിച്ചു.
കൂടാതെ ഹര്‍ലീന്‍ ഡിയോള്‍, പ്രിയ മിശ്ര, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ് എന്നിവരും ടീമില്‍ തിരിച്ചെത്തി. എന്നാൽ സ്റ്റാര്‍ ഓപ്പണര്‍ ഷഫാലി വര്‍മ, യുവ ഓഫ്സ്പിന്നര്‍ ശ്രേയങ്ക പാട്ടീല്‍ എന്നിവർ ടീമിലില്ല. കൂടാതെ കഴിഞ്ഞ മാസം ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര നേടിയ ടീമിലെ അഞ്ച് താരങ്ങളും ഇടംപിടിച്ചില്ല. മറ്റ് മലയാളി താരങ്ങളായ ആശ ശോഭന, സജന സജീവന് എന്നിവരും ഏകദിന ടീമിലില്ല.
ഒരു ഇടവേളയ്ക്ക് ശേഷമാണ് വയനാട് മാനന്തവാടി സ്വദേശിയായ മിന്നു മണി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഓസ്ട്രേലിയ എ ടീമിനെതിരായ മത്സരത്തില്‍ ക്യാപ്റ്റനായിരുന്ന മിന്നു ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതുതന്നെയാണ് ടീമിലേക്ക് തിരിച്ചെത്താനുള്ള വഴി തെളിയിച്ചതും.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഡിസംബര്‍ അഞ്ചിനാണ് ആരംഭിക്കുന്നത്. ഡിസംബര്‍ എട്ടിന് രണ്ടാം ഏകദിനവും 11ന് മൂന്നാം മത്സരവും നടക്കും. ബ്രിസ്ബേനിലെ അലന് ബോര്‍ഡര്‍ ഫീല്‍ഡിലാണ് ആദ്യ രണ്ട് മത്സരങ്ങൾ, അവസാന മത്സരം പെര്‍ത്തിലെ ഡബ്ല്യുഎസിഎ ഗ്രൗണ്ടിലും നടക്കും
ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), തേജൽ ഹസബ്നിസ്, ദീപ്തി ശർമ, മിന്നു മണി, പ്രിയ മിശ്ര, രാധാ യാദവ്, ടിറ്റാസ് സാധു, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂർ, സൈമ താക്കൂർ.