മണിപ്പൂർ സംഘർഷം; ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത് രണ്ടുദിവസത്തേക്ക് കൂടി നീട്ടി
Monday, November 18, 2024 8:52 PM IST
ഇംഫാൽ: മണിപ്പൂരിലെ പ്രശ്നബാധിതമായ ഏഴ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ്, ഡേറ്റ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത് മണിപ്പൂർ സർക്കാർ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.
നിലവിലുള്ള ക്രമസമാധാന നില കണക്കിലെടുത്ത്, പ്രശ്നബാധിതമായ ഏഴ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ്, ഡേറ്റ സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചത് രണ്ട് ദിവസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചതായി ആഭ്യന്തര കമ്മീഷണർ എൻ. അശോക് കുമാർ ഉത്തരവിൽ പറഞ്ഞു.
ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്ചിംഗ്, കാംഗ്പോക്പി, ചുരാചന്ദ്പൂർ എന്നീ ജില്ലകളിലാണ് നടപടി. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്കിംഗ് എന്നീ അഞ്ച് ജില്ലകളിലും അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, ഞായറാഴ്ച രാത്രി ജിരിബാം ജില്ലയിൽ കെ.അതൗബ (21) എന്ന യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മണിപ്പൂർ സർവകലാശാലയിലെ വിദ്യാർഥികൾ കാമ്പസിൽ വൻ പ്രതിഷേധം നടത്തുകയും ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയുടെയും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ കോലം കത്തിക്കുകയും ചെയ്തു.