സാന്റിയാഗോ മാർട്ടിനുമായി ബന്ധപ്പെട്ട റെയ്ഡ്; നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഇഡി
Monday, November 18, 2024 7:31 PM IST
ചെന്നൈ: ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസുകളിലും കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
റെയ്ഡിൽ കണക്കില്‍പെടാത്ത 12.41 കോടി കണ്ടെടുത്തുവെന്ന് ഇഡി അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും റെയ്ഡിൽ പിടിച്ചെടുത്തുവെന്നും മുംബൈ, ദുബായ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ വൻ നിക്ഷേപത്തിന്റെ രേഖകള്‍ കിട്ടിയെന്നും ഇഡി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
റെയ്ഡിനെ തുടര്‍ന്ന് സാന്റിയാഗോ മാര്‍ട്ടിന്റെ 6.42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു. ആറ് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. മാർട്ടിന്റെ ഫ്യൂച്ചർ ഗെയിംസ് നിയമവിരുദ്ധ ഇടപാടുകൾ നടത്തി. കള്ളപ്പണം വെളുപ്പിക്കാൻ സമ്മാനം അടിച്ച ലോട്ടറി ഉപയോഗിച്ചുവെന്നും ഇഡി വ്യക്തമാക്കി.