മണിപ്പുർ കലാപം: അന്വേഷണം പ്രഖ്യാപിച്ച് എൻഐഎ, സുരക്ഷയ്ക്ക് കൂടുതൽ സൈനികർ
Monday, November 18, 2024 3:59 PM IST
ന്യൂഡൽഹി: മണിപ്പുരിലെ അക്രമസംഭവങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് എന്‍ഐഎ. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്, സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരടക്കം ജനപ്രതിനിധികളുടെയും വസതികള്‍ക്ക് നേരെ നടന്ന അക്രമം എന്നിവയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് നടപടി. അതേസമയം, മണിപ്പുരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമിത്ഷാ വിളിച്ച ഉന്നതതല യോഗം ഡൽഹിയിൽ തുടരുകയാണ്.
സംസ്ഥാനത്തെ സുരക്ഷ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ മണിപ്പുരിൽ കൂടുതൽ സൈനികരെ അയയ്ക്കാനും കേന്ദ്രം തീരുമാനിച്ചു. വിവിധ സേനകളിൽ നിന്നായി 5,000 ജവാന്മാരെക്കൂടി മണിപ്പുരിലേക്ക് അയയ്ക്കും.
കലാപം ഏറ്റവും കൂടുതൽ പടർന്ന ജിരിബാം ജില്ലയിൽ സിആർപിഎഫിന്റെ 15 കമ്പനി ജവാന്മാരെയും ബിഎസ്എഫിന്റെ അഞ്ചു കമ്പനി സൈനികരെയും കൂടി അയയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. അതേസമയം, ഇംഫാല്‍ ഈസ്റ്റ് വെസ്റ്റ് ജില്ലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി.