കോൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമം; രക്ഷപെട്ടത് തലനാരിഴയ്ക്ക്
Saturday, November 16, 2024 4:56 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വധശ്രമത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കോൽക്കത്തയിലെ കസ്ബ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വധശ്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
കോൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് 108 ലെ തൃണമൂൽ കോൺഗ്രസ് കൗൺസിലറായ സുശാന്ത ഘോഷിന് നേരെയാണ് വധശ്രമമുണ്ടായത്.
സുശാന്ത ഘോഷ് വീടിനു മുന്നിൽ ഇരിക്കുന്നതിനിടെ രണ്ടുപേർ സ്കൂട്ടറിലെത്തി. പെട്ടന്ന് സ്കൂട്ടറിന്റെ പിന്നിലിരുന്നയാൾ കൈയിൽ തോക്കുമായി ചാടിയിറങ്ങി സുശാന്ത ഘോഷിന് നേരെ ചെന്നു.
ഇയാൾ രണ്ടുതവണ വെടിവച്ചുവെങ്കിലും തോക്ക് പ്രവർത്തിച്ചില്ല. സംഭവം കണ്ട സുശാന്ത ആക്രമിയുടെ നേരെ പാഞ്ഞടുത്തു. ആക്രമി സ്കൂട്ടറിൽ കയറി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് ആൾക്കൂട്ടം ഇയാളെ പിടികൂടുകയും കൈകാര്യം ചെയ്യുകയും ചെയ്തു.
ആരുടെ നിർദേശപ്രകാരമാണ് കൊലപാതകത്തിന് ശ്രമിച്ചതെന്ന് ഇയാളോട് ചോദിച്ചപ്പോൾ, ഒരാൾ ഒരു ചിത്രം തരുകയും അതിലുള്ള ആളെ കൊലപ്പെടുത്തണമെന്ന് തന്നോട് നിർദേശിക്കുകയും ചെയ്തതായി ഇയാൾ പറഞ്ഞു. ആക്രമിയെ പോലീസിന് കൈമാറി.
പ്രാദേശിക വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും പിടിയിലായയാൾ ബിഹാർ സ്വദേശിയാണെന്നും പോലീസ് പറഞ്ഞു.
ആരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് തനിക്ക് ഒരു സൂചനയുമില്ലെന്ന് കൗൺസിലർ പറഞ്ഞു. ഞാൻ 12 വർഷമായി കൗൺസിലറാണ്. ആക്രമിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, അതും ഞാൻ എന്റെ പ്രദേശത്ത് ഇരിക്കുമ്പോൾ-അദ്ദേഹം വ്യക്തമാക്കി. എംപി മാല റോയിയും എംഎൽഎ ജാവേദ് ഖാനും പിന്നീട് അദ്ദേഹത്തെ സന്ദർശിച്ചു.