ലാ​ഹി​ൽ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഹ​രി​യാ​ന​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. മൂ​ന്നാം ദി​ന​ത്തി​ലെ ക​ളി നി​ർ​ത്തു​ന്പോ​ൾ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 139 എ​ന്ന നി​ല​യി​ലാ​ണ് ഹ​രി​യാ​ന.

നി​ഷാ​ന്ത് സി​ന്ധു​വും ജ​യ​ന്ത് യാ​ദ​വു​മാ​ണ് ക്രീ​സി​ൽ. നി​ഷാ​ന്ത് 29 റ​ൺ​സും ജ​യ​ന്ത് ഒ​രു റ​ണും എ​ടു​ത്തി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 291 റ​ണ്‍​സി​ന് മ​റു​പ​ടി​യാ​യി മൂ​ന്നാം ദി​നം ഒ​ന്നാം ഇ​ന്നിം​ഗ്സ് തു​ട​ങ്ങി​യ ഹ​രി​യാ​ന​യ്ക്ക് സ്കോ​ര്‍ 38ല്‍ ​നി​ല്‍​ക്കെ ഓ​പ്പ​ണ​ര്‍ യു​വ​രാ​ജ് യോ​ഗേ​ന്ദ​ർ സിം​ഗി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. 20 റ​ൺ​സാ​ണ് താ​രം നേ​ടി​യ​ത്.

നേ​ടു​മ​ൻ​കു​ഴി ബേ​സി​ലാ​ണ് യു​വ​രാ​ജ് സിം​ഗി​ന്‍റെ വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. പി​ന്നാ​ലെ ല​ക്ഷ്യ സു​മ​ന്‍ ദ​യാ​ലി​നെ(21) ബേ​സി​ല്‍ ത​മ്പി വീ​ഴ്ത്തി​യ​തോ​ടെ ഹ​രി​യാ​ന പ്ര​തി​രോ​ധ​ത്തി​ലാ​യി.​നാ​യ​ക​ൻ അ​ങ്കി​ത് കു​മാ​റും(27), എ​ച്ച് ജെ ​റാ​ണ​യും(17) ചേ​ര്‍​ന്ന് 32 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടി​ലൂ​ടെ സ്കോ​ര്‍ 80ല്‍ ​എ​ത്തി​ച്ചെ​ങ്കി​ലും റാ​ണ​യെ സ​ല്‍​മാ​ന്‍ നി​സാ​ര്‍ റ​ണ്ണൗ​ട്ടാ​ക്കി​യ​ത് ക​ളി​യി​ല്‍ വ​ഴി​ത്തി​രി​വാ​യി.

പി​ന്നാ​ലെ ധീ​രു സിം​ഗ്(7) നി​ധീ​ഷി​ന്‍റെ പ​ന്തി​ല്‍ പു​റ​ത്താ​യി. പൊ​രു​തി നി​ന്ന ക്യാ​പ്റ്റ​ന്‍ അ​ങ്കി​ത് കു​മാ​റി​നെ​യും നി​ധീ​ഷ് ത​ന്നെ പു​റ​ത്താ​ക്കി​യ​തോ​ടെ ഹ​രി​യാ​ന 95-5ലേ​ക്ക് ത​ക​ര്‍​ന്നു.

സ്കോ​ർ 125ൽ ​നി​ൽ​ക്കെ ക​പി​ൽ ഹൂ​ഡ​യും 137ൽ ​നി​ൽ​ക്കെ സു​മി​ത് കു​മാ​റും പു​റ​ത്താ​യി. കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി.​നി​ധീ​ഷ് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ബേ​സി​ൽ ത​ന്പി​യും ജ​ല​ജ് സ​ക്സേ​ന​യും എ​ൻ. ബേ​സി​ലും ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.

മൂ​ന്നാം ദി​നം എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 285 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ ബാ​റ്റിം​ഗ് തു​ട​ര്‍​ന്ന കേ​ര​ളം ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ 291 റ​ണ്‍​സി​ന് ഓ​ള്‍ ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.