വയനാട് ദുരന്തം; കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് കെ.വി. തോമസ്
Friday, November 15, 2024 12:53 PM IST
കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. ഓഗസ്റ്റ് ആദ്യ വാരം തന്നെ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്നും ഇതിനുള്ള മറുപടിയാണ് മാസങ്ങള്‍ക്ക് ശേഷം വന്നതെന്നും അദ്ദേഹം പറഞ്ഞു.
100 ശതമാനം സഹായം വേണമെങ്കില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. സംസ്ഥാന ദുരന്തമോ പ്രകൃതി ദുരന്തമോ ആണെങ്കില്‍ 80 ശതമാനം കേന്ദ്ര സര്‍ക്കാരും 20 ശതമാനം സംസ്ഥാനവും നല്‍കണം. ഈ പശ്ചാത്തലം മനസിലാക്കിയാണ് ഓഗസ്റ്റ് ആദ്യ ആഴ്ച തന്നെ മുഖ്യമന്ത്രി കത്ത് നല്‍കിയത്.
താനത് പിന്തുടര്ന്ന് വീണ്ടും കത്ത് നല്കി. ആ കത്തിനുള്ള മറുപടിയാണ് മാസങ്ങള്‍ക്ക് ശേഷം വന്നത്. പ്രത്യേകമായ സഹായം വയനാടിന് ലഭിക്കണം. പ്രധാനമന്ത്രിയെയും കേന്ദ്രധനമന്ത്രിയെയും നേരിട്ട് കണ്ടതാണ്. നിര്‍മല സീതാരാമന് കൊച്ചിയില്‍ വന്നപ്പോള്‍ കൈവിടില്ലെന്ന് മാധ്യമങ്ങളോട് തന്നെ പറഞ്ഞതാണെന്നും തോമസ് വ്യക്തമാക്കി.
രാജ്യത്തോടുള്ള വെല്ലുവിളിയാണിത്. ദുരന്തം നടന്ന അന്ന് മുതല്‍ സംസ്ഥാനം കേന്ദ്രത്തിന്റെ മാനദണ്ഡമനുസരിച്ചാണ് റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. ഒരു സന്ദര്‍ഭത്തിലും സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് പിഴവ് വന്നിട്ടില്ല. മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയെ പോയി കണ്ടു. അപ്പോഴും പോസിറ്റീവായാണ് സംസാരിച്ചത്. ഫെഡറല്‍ സംവിധാനത്തില്‍ ചെയ്യാന്‍ പാടില്ലാത്തതാണിതെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര നിലപാടിനെതിരേ പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കണം. പ്രതിപക്ഷം രാഷ്ട്രീയം കളിക്കരുതെന്നും കേരളത്തിന് ലഭിക്കേണ്ട ന്യായമായ അവകാശത്തിനു വേണ്ടി പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്തണമെന്നും കെ.വി. തോമസ് കൂട്ടിച്ചേർത്തു.