മാട്ടുപ്പട്ടിയിൽ സീ പ്ലെയിൻ ഇറങ്ങുന്നത് ആനകളുടെ സഞ്ചാരത്തിനു തടസം; കളക്ടർക്ക് വനം വകുപ്പിന്റെ കത്ത്
Friday, November 15, 2024 10:36 AM IST
മൂന്നാര്‍: മാട്ടുപ്പട്ടിയില്‍ സീപ്ലെയിന്‍ ഇറക്കുന്നതിനെതിരേ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കി വനംവകുപ്പ്. മൂന്നാര്‍ ഡിഎഫ്ഒ ഇന്‍ ചാര്‍ജ് ജോബ് ജെ. നേര്യംപറമ്പിലാണ് ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് കത്ത് നല്‍കിയത്.
പ്രദേശം കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണെന്നും പദ്ധതി മനുഷ്യ-വന്യമൃഗ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നുമാണ് കത്തില്‍ പറയുന്നത്. ഇത്തരം സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് ദേശീയ വന്യജീവി ബോര്‍ഡിന്റെ അംഗീകാരത്തോടെയുള്ള ലഘൂകരണ പദ്ധതി പ്രദേശത്ത് നിര്‍ബന്ധമായും നടപ്പാക്കണമെന്നും കത്തില്‍ പറയുന്നു.
നേരത്തെ പ്രദേശത്ത് നടന്ന സംയുക്ത പരിശോധനയിലും വനംവകുപ്പ് ആശങ്ക അറിയിച്ചിരുന്നു. സീ പ്ലെയിന്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാട്ടുപ്പട്ടി ജലാശയം വനമേഖലയ്ക്ക് സമീപത്താണ്.