തട്ടിക്കൊണ്ടുപോയ സ്ത്രീകളെയും കുട്ടികളെയും കണ്ടെത്താനായില്ല; മണിപ്പുരില്‍ പ്രതിഷേധം കനക്കുന്നു
Friday, November 15, 2024 10:26 AM IST
ഇംഫാല്‍: ജിരിബാം ജില്ലയില്‍ നിന്ന് സായുധരായ അക്രമികള്‍ തട്ടിക്കൊണ്ടുപോയതായി കരുതുന്ന സ്ത്രീകളെയും കുട്ടികളെയും ഇതുവരെയും കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധം ഉയരുന്നു. ഇംഫാല്‍ താഴ്വരയിലുടനീളമുള്ള വിദ്യാര്‍ഥികള്‍ കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടി ഉയര്‍ത്തി പ്രകടനം നടത്തി. താഴ്വരയിലുള്ളവര്‍ മനുഷ്യച്ചങ്ങലയും തീര്‍ത്തു.
ഈ മാസം 11ന് നടന്ന അക്രമസംഭവങ്ങള്‍ക്കിടെയാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറിയത്. മെയ്തേയ് വിഭാഗത്തിലെ മൂന്നൂ സ്ത്രീകളെയും കുട്ടികളെയുമാണ് കാണാതായത്. ഇവരില്‍ 10 മാസം പ്രായമായ കുഞ്ഞുമുണ്ട്.
തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ ചിന് കുക്കി നാര്‍ക്കോ തീവ്രവാദികളാണെന്നാണ് മെയ്തേയ് ആരോപണം. സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ഏറുകയാണ്. ഇവരെ ഉടന്‍ കണ്ടെത്തണമെന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് എ. ശാരദാദേവി അഭ്യര്‍ഥിച്ചു.
ആളുകളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനായി ഡിജി ആസാം റൈഫിള്‍സ് ഇതിനകം ചുരാചന്ദ്പരില് എത്തിയിട്ടുണ്ട്. അതേസമയം, മണിപ്പുരിൽ സംഘർഷം പടരുന്നതിനിടെ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽ അഫ്സ്പ പ്രഖ്യാപിച്ചു.
സെക്മായ്, ലാംസാംഗ്(ഇംഫാൽ വെസ്റ്റ്), ലാംലായ് (ഇംഫാൽ ഈസ്റ്റ്), ലെയ്മാക്കോംഗ്(കാംഗ്പോക്പി), മൊയ്റാംഗ് (ബിഷ്ണുപുർ), ജിരിബാം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് അഫ്സ്പ പ്രഖ്യാപിച്ചത്. ഈ ആറ് പോലീസ് സ്റ്റേഷൻ പരിധികളിലുൾപ്പെടെ 19 സ്റ്റേഷൻ പരിധികൾ ഒഴിവാക്കി ഒക്ടോബർ ഒന്നിന് സംസ്ഥാനത്തൊട്ടാകെ സർക്കാർ അഫ്സ്പ പ്രഖ്യാപിച്ചിരുന്നു.