ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുകാർക്ക് മാർഗനിർദ്ദേശം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
Friday, November 15, 2024 3:02 AM IST
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുകാർക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. പതിനെട്ടാം പടി കയറുമ്പോൾ പോലീസുകാരൻ കരണത്തടിച്ചെന്ന പരാതിയിലാണ് ഉത്തരവ്.
റാന്നി ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവി മുഖാന്തരം സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പരാതി പരിഹരിച്ചിട്ടുണ്ടെന്നും പരാതിക്കാരന് പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും പറയുന്നു.
അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ ഒരു കൈ സഹായിക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഭക്തരെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കേൾക്കുന്നത് വിശ്വാസികൾക്ക് ഉൾക്കൊള്ളാനാവില്ല.
പരാതിക്കാരന്റെ കരണത്തടിച്ചത് തീർച്ചയായും ക്യത്യവിലോപമാണെന്ന് ഉത്തരവിൽ പറയുന്നു. പത്തനംതിട്ട സ്വദേശി കിരൺ സുരേഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.