ഇ.പിയെ തത്കാലം വിശ്വാസം! വിശദീകരണം തേടും
Thursday, November 14, 2024 9:49 PM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു ദിവസമായ ബുധനാഴ്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥയുടെ ഉള്ളടക്കം എന്ന പേരിൽ പുറത്തുവന്ന വിവരങ്ങൾ ഉയർത്തിയ വിവാദത്തിൽ നിലവിൽ ഇ.പിയുടെ പ്രതികരണങ്ങൾ വിശ്വാസത്തിലെടുത്താണ് സിപിഎം മുന്നോട്ടു പോകുന്നതെങ്കിലും വിഷയത്തിൽ അദ്ദേഹത്തോട് പാർട്ടി വിശദീകരണം തേടിയേക്കും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.
ജയരാജനൊപ്പം നിൽക്കുന്നു എന്ന രീതിയിലാണ് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. ആളുകള്‍ പുസ്തകം എഴുതുന്നതിനും രചന നടത്തുന്നതിനുമൊന്നും പാര്‍ട്ടിയോട് അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നു പറഞ്ഞ ഗോവിന്ദൻ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ലെന്ന് ജയരാജന് തന്നെ പറഞ്ഞ സ്ഥിതിക്ക് പിന്നെ നിങ്ങള്‍ ഉണ്ടാക്കുന്ന ഗൂഢാലോചനയ്ക്ക് ഞങ്ങള്‍ എന്തിനാണ് ഉത്തരം പറയുന്നതെന്നും മാധ്യമങ്ങളോടു ചോദിച്ചിരുന്നു.
അതേസമയം ഉപതെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വിവാദം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിവാദം ചേലക്കരയിൽ പ്രതിഫലിച്ചേക്കാമെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ട്. പാലക്കാട്ടെ ഇടതു സ്ഥാനാർഥി സരിനെതിരായ പരാമർശങ്ങളും പുസ്തകത്തിലുണ്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.
യുഡിഎഫും ബിജെപിയും ഇത് പാലക്കാട്ട് സിപിഎമ്മിനെതിരേ ആയുധമാക്കുമെന്നു സിപിഎം ആശങ്കപ്പെടുന്നുണ്ട്. പാലക്കാട്ട് ഇന്ന് ഇ.പിയെ പ്രചാരണത്തിനിറക്കിയതും ഇത് മുന്നിൽ കണ്ട് തന്നെയാണ്. ആത്മകഥാ വിവാദം പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സിപിഎം ഗൗരവമായിത്തന്നെ ചർച്ച ചെയ്യുമെന്നാണ് സൂചന.
ഇ.പി. ജയരാജന്റെ സ്വകാര്യ ശേഖരത്തിലെ ചിത്രങ്ങൾ പുസ്തകത്തിന്റെ ഭാഗമായതെങ്ങനെ എന്ന ചോദ്യങ്ങളുയരുന്നുണ്ട്. അതോടൊപ്പം ഉപതെരഞ്ഞടുപ്പ് ദിവസം തന്നെ പുസ്തകം പുറത്തുവന്നത് യാദൃശ്ചികമാണോ എന്ന സംശയവും ഉയരുന്നു. പുസ്തകത്തിലേതായി പുറത്തുവന്ന ഭാഗങ്ങളിൽ ഇ.പി സംഘടനാ പ്രവർത്തനം തുടങ്ങിയതു മുതൽ ഇതുവരെയുള്ള കാര്യങ്ങൾ അക്കമിട്ട് പറയുന്നുണ്ട്.
എന്നാൽ ഡിസി ബുക്സിന്റെ പേരിൽ പ്രചരിക്കുന്ന പുസ്തകം തന്റേതല്ലെന്നാണ് ഇ.പി പരസ്യമായി പറയുന്നത്. ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഡിസി ബുക്സിന് വക്കീൽ നോട്ടീസ് അയച്ച അദ്ദേഹം ഡിജിപിക്കു പരാതിയും നൽകി.
സിപിഎമ്മിനും പിണറായി സർക്കാരിനും നേരെയുള്ള കടുത്ത വിമർശനങ്ങൾ ഉൾപ്പെടുന്ന പരാമർശങ്ങൾ പുസ്തകത്തിന്റേതായി പുറത്തുവന്നിരുന്നു. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നായിരുന്നു പ്രധാന വിമർശനം.
‘കട്ടൻ ചായയും പരിപ്പുവടയും - ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം’ എന്ന തലക്കെട്ടുള്ള പുസ്തകത്തിന്റെ കവർചിത്രം ചൊവ്വാഴ്ച വൈകുന്നേരമാണ് ഡിസി ഫേസ്ബുക്കിലൂടെ പുറത്തുവന്നത്. പോസ്റ്റിൽ ഇ.പി ടാഗ് ചെയ്തിരുന്നു. എന്നാൽ രണ്ടു പ്രസാധകർ തന്നെ സമീപിച്ചെങ്കിലും ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ജയരാജൻ പറയുന്നത്.
ഉപതെരഞ്ഞെടുപ്പു ദിവസമായ ബുധനാഴ്ച രാവിലെ വിവാദം പ്രതിപക്ഷം ഉൾപ്പടെ ഏറ്റുപിടിച്ചതോടെ പുസ്തകത്തിന്റെ പ്രകാശനം സാങ്കേതിക കാരണങ്ങളാൽ നീട്ടിവച്ചതായി ഡിസി പിന്നീട് ഫേസ്ബുക്കിലൂടെ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു നടന്ന ഏപ്രിൽ 26നും ഇ.പി വിവാദത്തിൽ നിറഞ്ഞിരുന്നു. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടു എന്ന ജയരാജന്റെ പ്രസ്താവന അന്ന് സിപിഎമ്മിനെയും എൽഡിഎഫിനെയും പ്രരിരോധത്തിലാക്കിയിരുന്നു.