തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മർദിച്ച സ്ഥാനാർഥി അറസ്റ്റിൽ; രാജസ്ഥാനിൽ സംഘർഷം
Thursday, November 14, 2024 4:33 PM IST
ജയ്പുര്‍: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് രാജസ്ഥാനിൽ സംഘർഷം. ടോങ്കില്‍ ആണ് സംഭവം.
ദിയോലി ഉനൈറ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി നരേഷ് മീണയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മീണയുടെ അനുയായികള്‍ സംവ്രവാതയ്ക്കു സമീപം സ്റ്റേറ്റ് ഹൈവേ ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് വാഹന ഗതാഗതം തടയുകയും ചെയ്തു.
പോലീസും അര്‍ധസൈനിക വിഭാഗവും സ്ഥലത്തെത്തി. പ്രദേശത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ടോങ്ക് എസ്പി വികാസ് സാംഗ്വാന് പറഞ്ഞു. സംവ്രവാത ഗ്രാമത്തിലെ പോളിംഗ് ബൂത്തില്‍ വച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അമിത് ചൗധരിയെയാണ് നരേഷ് മീണ മർദിച്ചത്.
തന്റെ അനുയായികളെ തടഞ്ഞു എന്നാരോപിച്ചായിരുന്നു പോളിംഗ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തത്. ആക്രമണത്തിന്റെ ദൃശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോയില്‍ പതിഞ്ഞിരുന്നു. ഇതിനു പിന്നാലെ നരേഷ് മീണയ്ക്കെതിരെ പോലീസ് കേസെടുത്തു.
കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതിരുന്ന നരേഷ് മീണയെ രാത്രി നാടകീയമായി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കീഴടങ്ങില്ലെന്ന് പറഞ്ഞ നരേഷ് മീണ, അനുയായികളോട് പോലീസിനെ വളയാനും ഗതാഗതം തടസപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലീസ് സേനയെയാണ് വിന്യസിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് നരേഷ് മീണ സ്വതന്ത്രനായി മത്സരിക്കുന്നത്. ഇതേത്തുടര്‍ന്ന് നരേഷ് മീണയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു.