തമിഴ്നാട്ടിൽ ക്രമസമാധാനനില തകർന്നു: ടിവികെ
Thursday, November 14, 2024 7:09 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ക്രമസമാധാനനില തകർന്നുവെന്ന് തമിഴക വെട്രി കഴകം. ജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടുവെന്ന് ടിവികെ അധ്യക്ഷനും നടനുമായ വിജയ് പറഞ്ഞു. ചെന്നൈയിലെ കലൈഞ്ജർ സെന്റനറി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടറർക്ക് കുത്തേറ്റ സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"പകൽ സമയത്ത് തന്നെ നടുക്കുന്ന കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് നടക്കുന്നു. ഡോക്ടർക്ക് കുത്തേറ്റത് ഞെട്ടിക്കുന്ന സംഭവമാണ്. ഡിഎംകെ സർക്കാർ തികഞ്ഞ പരാജയമാണ്. ജനങ്ങളുടെ സുരക്ഷയെ കുറിച്ച് അവർ ചിന്തിക്കുന്നു പോലുമില്ല.'- വിജയ് കുറ്റപ്പെടുത്തി.
ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണമെന്നും വിജയ് പറഞ്ഞു.
പ്രമുഖ ഓങ്കോളജിസ്റ്റും അസോസിയേറ്റ് പ്രഫസറും ആയ ബാലാജിയെ വിഘ്നേഷ് എന്നയാളാണ് ഏഴുതവണ കത്തികൊണ്ടു കുത്തിയത്. തന്റെ അമ്മയായ കാഞ്ചനയ്ക്ക് നൽകിയ ചികിൽസയിൽ അതൃപ്തനായിരുന്ന വിഘ്നേഷ് ഒപി റൂമിൽ വച്ച് ഡോക്ടറുടെ ചെവി, നെഞ്ച്, നെറ്റി, തല, വയർ എന്നിവിടങ്ങളിൽ കത്തികൊണ്ട് കുത്തുകയായിരുന്നു.