ജാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തും: ജെ.പി. നദ്ദ
Wednesday, November 13, 2024 3:03 AM IST
റാഞ്ചി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്ന് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ. പി. നദ്ദ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുകയെന്നും ഗിരിധിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നദ്ദ പറഞ്ഞു.
"ജാർഖണ്ഡിന്റെ വികസനത്തിന് ബിജെപി അധികാരത്തിലെത്തേണ്ടത് അനിവാര്യമാണ്. പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ പൂർണമായി നടപ്പിലാക്കാൻ ബിജെപി സർക്കാർ വന്നാലെ സാധിക്കൂ. സംസ്ഥാനത്തെ ജനങ്ങളും ബിജെപി സർക്കാർ വരണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ബിജെപി വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല.'-നദ്ദ പറഞ്ഞു.
ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത് തന്നെ വാജ്പേയി സർക്കാരിന്റെ കാലത്താണെന്നും ബിജെപിക്ക് മാത്രമെ സംസ്ഥാനത്തെ പുരോഗതിയിലേയ്ക്ക് നയിക്കാൻ സാധിക്കുകയുള്ളുവെന്നും നദ്ദ അവകാശപ്പെട്ടു. സംസ്ഥാനത്ത് ഭരണത്തിലുള്ള ഹേമന്ത് സോറൻ സർക്കാർ അഴിമതി സർക്കാരാണെന്നും എല്ലാ മേഖലയിലും അവർ പരാജയപ്പെട്ടുവെന്നും ബിജെപി ദേശീയ അധ്യക്ഷൻ കുറ്റപ്പെടുത്തി.
രണ്ട് ഘട്ടമായാണ് ജാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് ആദ്യ ഘട്ടം. 20നാണ് രണ്ടാം ഘട്ടം. ഈ മാസം 23നാണ് വോട്ടെണ്ണൽ.