ലുഫ്താൻസയുടെ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു: 11 പേർക്ക് പരിക്ക്
Wednesday, November 13, 2024 1:42 AM IST
ഫ്രാങ്ക്ഫർട്ട്: അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന ലുഫ്താൻസയുടെ വിമാനം ആകാശചുഴിയിൽപ്പെട്ട് 11 യാത്രക്കാർക്ക് പരിക്കേറ്റു. ലുഫ്താൻസയുടെ LH-511 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്.
348 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർക്ക് ആവശ്യമായ വൈദ്യ സഹായം ലഭ്യമാക്കിയതായി കമ്പനി പിന്നീട് അറിയിച്ചു.ബോയിങ് 747-8 വിഭാഗത്തിൽപ്പെടുന്ന വിമാനത്തിൽ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ഇവരിൽ ആറ് ജീവനക്കാർക്കും അഞ്ച് യാത്രക്കാർക്കും പരിക്കേറ്റതായും ആരുടെയും പരിക്കുകൾ സാരമുള്ളതായിരുന്നില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. എന്നാൽ യാത്രയുടെ ഒരു ഘട്ടത്തിലും വിമാനത്തിന്റെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകൾ ഉണ്ടായിട്ടില്ലെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.53ന് മുൻനിശ്ചയിച്ച പ്രകാരം തന്നെ വിമാനം ഫ്രാങ്ക്ഫർട്ടിൽ ലാന്റ് ചെയ്തു. അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ ഇന്റർട്രോപ്പിക്കൽ കൺവർജൻസ് സോണിൽ വച്ചാണ് വിമാനം ആകാശച്ചുഴിയിൽ വീണത്.