തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി. അൻവറിനെതിരെ കേസെടുക്കാൻ നിർദേശം
Tuesday, November 12, 2024 10:34 PM IST
തൃശൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തിയ പി.വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കാൻ നിർദേശം. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഢ്യനാണ് റിട്ടേണിംഗ് ഓഫിസർക്ക് നിർദേശം നൽകിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാർത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നൽകിയിട്ടും നിർദ്ദേശം ലംഘിച്ച് പി.വി. അൻവർ വാർത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തൽ.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ ചൊവ്വാഴ്ച രാവിലെയാണ് പി.വി. അൻവർ വാർത്താസമ്മേളനം വിളിച്ചുചേർത്തത്. ഇവിടത്തെ പരസ്യപ്രചാരണം തിങ്കളാഴ്ച സമാപിച്ചിരുന്നു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.
താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താസമ്മേളനവുമായി മുന്നോട്ടുവന്നത്. വാർത്താസമ്മേളനം തുടരുന്നതിനിടെ പി.വി. അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരോട് അൻവർ തർക്കിക്കുയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പോലീസ് തന്റെ വാർത്താസമ്മേളനം തടയുന്നതെന്നും അൻവർ ആരോപിച്ചു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.