ശരദ് പവാർ ബിജെപിയുമായി ചർച്ച നടത്തി: അജിത് പവാർ
Tuesday, November 12, 2024 9:01 PM IST
മുംബൈ: 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ എൻസിപി–എസ്പി നേതാവ് ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ.
വ്യവസായി ഗൗതം അദാനിയുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടന്നിരുന്നതെന്നും ഒരു ദേശീയ വാർത്താ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ അജിത് പവാർ പറഞ്ഞു. സഖ്യചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗൗതം അദാനി, ശരദ് പവാർ, പ്രഫുൽ പട്ടേൽ, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങി ബിജെപിയിലെയും എൻസിപിയിലെയും മുതിർന്ന നേതാക്കൾ പങ്കെടുത്തിരുന്നു. അഞ്ച് തവണയാണ് ചർച്ച നടന്നത്. അമിത് ഷായും ശരദ് പവാറും തമ്മിൽ രഹസ്യ കൂടിക്കാഴ്ചയുമുണ്ടായി.
2019 നവംബറില്‍ ഡൽഹിയിലെ ഒരു വ്യവസായിയുടെ വീട്ടിൽവച്ചായിരുന്നു ചർച്ചകൾ. അതേക്കുറിച്ച് എല്ലാവർക്കും അറിയാം. എല്ലാം തീരുമാനിക്കപ്പെട്ടിരുന്നു. എന്നാൽ അവസാനം പഴിയെല്ലാം ഞാൻ കേട്ടു. മറ്റുള്ളവർ എല്ലാം സുരക്ഷിതരായി ഇരിക്കുന്നു. എന്തുകൊണ്ടാണ് ശരദ് പവാർ ബിജെപിക്കൊപ്പം പോകാത്തത് എന്നറിയില്ല. അദ്ദേഹത്തിന്റെ മനസിലെന്താണെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കോ സുപ്രിയ സുലെയ്ക്കോ പോലും അറിയില്ല –അജിത് പവാർ പറഞ്ഞു.
നവംബർ 20ന് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ.