സമൂഹത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം: സതീശൻ
Tuesday, November 12, 2024 12:31 PM IST
കൊച്ചി: സംസ്ഥാനത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന് സിപിഎം കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സുരേഷ്ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ കേസെടുത്തില്ലെന്ന് സതീശൻ വിമർശിച്ചു.
ചേലക്കരയിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ വെളളത്തിന് തീ പിടിപ്പിക്കുന്ന ഭാഷയിലാണ് ന്യൂനപക്ഷ മോർച്ച ലഘുലേഖ വിതരണം ചെയ്തത്. എന്നിട്ടും നടപടി സ്വീകരിച്ചില്ല. അതില്‍ തങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതെന്നും സതീശൻ പറഞ്ഞു.
മുനമ്പത്തെ ഭൂപ്രശ്നത്തിൽ ഒരു മുസ്ലിം സംഘടനകളും നാട്ടുകാർക്കെതിരല്ല. പത്ത് മിനിറ്റ് കൊണ്ട് സർക്കാരിന് തീർക്കാവുന്ന പ്രശ്നം സംഘപരിവാറിന് വേണ്ടി നീട്ടിക്കൊണ്ടുപോവുകയാണ്.
തെരഞ്ഞെടുപ്പ് വരെ ഇത് ഇങ്ങനെ പോകട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്. പാലക്കാട് തെരഞ്ഞെടുപ്പും കഴിഞ്ഞ് ഈ മാസം 22നാണ് മുനമ്പം സംബന്ധിച്ച ഉന്നതതല യോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് വിഷയത്തിന് പരിസമാപ്തി ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.