പോലീസ് വിലക്ക് മറികടന്ന് അൻവറിന്റെ വാർത്താസമ്മേളനം; ഇടപെട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, നാടകീയ സംഭവങ്ങൾ
Tuesday, November 12, 2024 11:42 AM IST
തൃശൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ പോലീസ് വിലക്ക് ലംഘിച്ച് പി.വി. അൻവർ എംഎൽഎ നടത്തിയ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. വാർത്താ സമ്മേളനം തുടരുന്നതിനിടെ ഇടപെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പി.വി.അൻവറിനോട് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഉദ്യോഗസ്ഥരോട് അൻവർ തർക്കിച്ചു.
തുടർന്ന് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി അൻവറിന് നോട്ടീസ് നൽകിയ ശേഷം അവർ മടങ്ങി. വിഷയത്തിൽ, അൻവറിനെതിരേ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താസമ്മേളനം ആരംഭിച്ചത്. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. പറയാനുള്ളത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പോലീസ് തന്റെ വാർത്താസമ്മേളനം തടയുന്നതെന്നും എന്തിനാണ് പിണറായി ഭയക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.
രാവിലെ തന്നെ പോലീസ് വന്ന് സ്റ്റാഫിനേയും ഹോട്ടലുകാരേയും ഭീഷണിപ്പെടുത്തുന്നു. ഒരു തെരഞ്ഞെടുപ്പ് ചട്ടലംഘനവും ഇവിടെ നടത്തുന്നില്ല. ഞങ്ങള്‍ ഈ ദിവസവും ഉപയോഗപ്പെടുത്തും. ഞങ്ങള്‍ക്ക് പരിമിതികളുണ്ട്. ഭയപ്പെടുത്തിയിട്ടൊന്നും കാര്യമില്ലെന്നും അൻവർ പറഞ്ഞു.
"രണ്ട് കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണ് ഇന്നുവന്നത്. ഇപ്പോഴിതാ 25 ലക്ഷം ചെറുതുരുത്തില്‍ നിന്ന് പിടിച്ചിട്ടുണ്ട്. ആരാണ് അവിടെ ക്യാമ്പ് ചെയ്യുന്നത്. മരുമകനല്ലേ. അവിടെ നിന്നല്ലേ ഈ പണം മുഴുന്‍ ഒഴുകുന്നത്. ആര്‍ക്കുവേണ്ടി കൊണ്ടുവന്ന പണമാണിത്. കോളനികളില്‍ അവര്‍ സ്ലിപ്പ് കൊടുക്കുന്നത് കവറിലാണ്. ആ കവറിനുള്ളില്‍ പണമാണ്. ഇടതുമുന്നണി തന്നെയാണ് പണം കൊടുക്കുന്നത്. ആ നിലയിലേക്ക് അവരെത്തി'- അൻവർ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക. എന്നാൽ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയിൽ ചെലവഴിച്ചതെന്നും ബൂത്ത് തിരിച്ച് ഓരോ പാർട്ടിയും ചെലവാക്കിയ തുകയുടെ കണക്ക് തന്റെ കൈയിലുണ്ടെന്നും അൻവർ വ്യക്തമാക്കി.