സ്വര്‍ണവില മൂക്കുകുത്തി താഴെ; ഒറ്റയടിക്ക് ഇടിഞ്ഞത് 1,080 രൂപ
Tuesday, November 12, 2024 10:55 AM IST
കൊച്ചി: സംസ്ഥാനത്ത് മൂന്നാംദിനവും മൂക്കുകുത്തി സ്വർണവില. പവന് 1,080 രൂപയും ഗ്രാമിന് 135 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 56,680 രൂപയിലും ഗ്രാമിന് 7,085 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് 110 രൂപ ഇടിഞ്ഞ് 5,840 രൂപയിലെത്തി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഏഴിന് 57,600 രൂപയായി താഴ്ന്നു. പിന്നാലെ വെള്ളിയാഴ്ച പവന് 680 രൂപ വർധിച്ചെങ്കിലും ശനിയാഴ്ച പവന് 80 രൂപയും തിങ്കളാഴ്ച 440 രൂപയും കുറഞ്ഞിരുന്നു. 60,000 കടക്കും എന്ന് പ്രതീക്ഷിക്കുന്ന ദിവസങ്ങളിലാണ് സ്വർണവിലയിൽ കയറ്റിറക്കങ്ങളുണ്ടായത്.
രണ്ട് ദിവസത്തിനിടെ മാത്രം സ്വർണവിലയിൽ 1,500 ലേറെ രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 ദിവസത്തിനിടെ പവന് കുറഞ്ഞത് 2,960 രൂപയാണ്. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഒക്ടോബർ അവസാനവാരം ഔൺസിന് 2,790 ഡോളർ എന്ന സർവകാല റിക്കാർഡ് തൊട്ട രാജ്യാന്തര വില തിങ്കളാഴ്ച 2,669 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇന്ന് വിപണി ആരംഭിച്ചപ്പോൾ 2,611 ഡോളറിലേക്ക് കൂപ്പുകുത്തിയ സ്വർണം നിലവിൽ 2,619 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയിലും ഇടിവാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 97 രൂപയിലെത്തി.