കോഴ ആരോപണം: എല്ലാറ്റിനും പിന്നിൽ ആന്റണി രാജു; എൻസിപിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്
Tuesday, November 12, 2024 6:42 AM IST
തിരുവനന്തപുരം: എംഎൽഎമാരെ കൂറുമാറ്റാൻ തോമസ് കെ.തോമസ് എംഎൽഎ നൂറു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണം അന്വേഷിക്കാൻ എൻസിപി രൂപീകരിച്ച സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തോമസ് കെ. തോമസ് പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും എല്ലാറ്റിനും പിന്നിൽ മുൻ മന്ത്രി ആന്റണി രാജുവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എൽഡിഎഫ് എംഎൽഎമാരായ ആന്റണി രാജുവിനെയും കോവൂർ കുഞ്ഞുമോനെയും എൻസിപി അജിത് പവാർ പക്ഷത്തേക്ക് എത്തിക്കാൻ പണം വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. എംഎൽഎമാരെ കൂറുമാറ്റാൻ നീക്കം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അറിയിച്ചത്.
ഇതു ശരിയാണെന്ന് ആന്റണി രാജുവും അല്ലെന്ന് കോവൂർ കുഞ്ഞുമോനും പറഞ്ഞിരുന്നു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും തന്നെ മന്ത്രിയാക്കാതിരിക്കാൻ ചിലർ നടത്തിയ ആസൂത്രിത നീക്കമാണ് ആരോപണത്തിന് പിന്നിലെന്ന് തോമസ് കെ.തോമസ് പറഞ്ഞിരുന്നു.