പെർത്ത് ടെസ്റ്റിൽ രോഹിത് ഇല്ലെങ്കിൽ കെ. എൽ. രാഹുൽ ഓപ്പണറാകും: ഗൗതം ഗംഭീർ
Tuesday, November 12, 2024 1:35 AM IST
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരെ പെർത്തിൽ നടക്കാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് പരിശീലകൻ ഗൗതം ഗംഭീർ. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് രോഹിത് ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല എന്നാണ് സൂചന.രോഹിത് ഇല്ലെങ്കിൽ ഉപനായകൻ ജസ്പ്രീത് ബുമ്രയാകും ഇന്ത്യയെ നയിക്കുകയെന്ന് ഗംഭീർ വ്യക്തമാക്കി.
രോഹിത്തിന്റെ അസാന്നിധ്യത്തിൽ കെ.എൽ. രാഹുലും അഭിമന്യു ഈശ്വരനും ഓപ്പണർമാരായി ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കെ.എൽ. രാഹുലിനെ പിന്തുണച്ച് സംസാരിച്ച ഗംഭീർ, ഓപ്പണർ മുതൽ ആറാം നമ്പറിൽ വരെ കളിപ്പിക്കാവുന്ന രാഹുലിനേപ്പോലൊരു താരം വേറെ എത്ര ടീമുകൾക്കുണ്ടെന്നും ചോദിച്ചു.
‘‘മത്സരപരിചയമുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്തേണ്ട സാഹചര്യങ്ങളും വരും. അത് ആ താരത്തിന്റെ മികവു തന്നെയാണ്. ഓപ്പണറായും മൂന്നാം നമ്പറിലും ആറാം നമ്പറിലും വരെ കളിപ്പിക്കാമെന്നത് രാഹുലിന്റെ മികവാണ് കാണിക്കുന്നത്. ഈ രീതിയിൽ കളിക്കണമെങ്കിൽ അതിന്റേതായ മികവു കൂടിയേ തീരൂ. ഏകദിന മത്സരങ്ങളിൽ വിക്കറ്റ് കീപ്പറാകാനും രാഹുലിനു കഴിയും’ – ഗംഭീർ ചൂണ്ടിക്കാട്ടി.
‘‘ഓപ്പണിംഗ് മുതൽ ആറാം നമ്പറിൽ വരെ കളിപ്പിക്കാവുന്ന രാഹുലിനേപ്പോലുള്ള താരങ്ങൾ ലോകത്ത് എത്ര ടീമുകൾക്ക് സ്വന്തമായുണ്ടെന്ന് ആലോചിച്ചു നോക്കൂ. അതുകൊണ്ട് ടീമിന് ആവശ്യമുണ്ടെങ്കിൽ ഏതു ജോലിയും ചെയ്യാൻ രാഹുൽ തയാറാണ്. പ്രത്യേകിച്ചും രോഹിത് ആദ്യ ടെസ്റ്റിനില്ലെങ്കിൽ രാഹുലിന് ടീമിനെ സഹായിക്കാനാകും’ – ഗംഭീർ പറഞ്ഞു.
ഈ മാസം 22-നാണ് ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരന്പരയിലുള്ളത്. ന്യൂസീലൻഡിനെതിരായ പരമ്പരയിലെ സമ്പൂർണ പരാജയത്തിന് പിന്നാലെ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ സാധ്യത നിലനിർത്താൻ ഇന്ത്യക്ക് പരമ്പര നിർണായകമാണ്.