അഞ്ച് ഗ്യാരണ്ടികളും നടപ്പാക്കി; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിദ്ധരാമയ്യ
Monday, November 11, 2024 10:24 PM IST
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരണ്ടികൾ നടപ്പാക്കിയതിനാൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാൽ പദ്ധതികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്യാരണ്ടി പദ്ധതികൾ സ്വാഭാവികമായും സംസ്ഥാന ഖജനാവിന് ഭാരമാകും. പക്ഷേ, ഞങ്ങൾ വികസന പ്രവർത്തനങ്ങൾ നിർത്തില്ല. എല്ലാ ചെലവുകളും വഹിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
2024-25 ബജറ്റിൽ വികസന പ്രവർത്തനങ്ങൾക്കായി 1.20 ലക്ഷം കോടി വകയിരുത്തി. അതിൽ 56,000 കോടി രൂപ ഗ്യാരണ്ടിക്കും 60,000 കോടിയിലധികം വികസന പ്രവർത്തനങ്ങൾക്കുമാണ് മാറ്റിവെച്ചതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
കഴിഞ്ഞദിവസം കർണാടക സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കെതിരേ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ഉറപ്പുകൾ നടപ്പാക്കിയാൽ കർണാടക സർക്കാർ പാപ്പരാകുമെന്നും വികസന പ്രവർത്തനങ്ങൾക്ക് പണമുണ്ടാകില്ലെന്നുമാണ് നരേന്ദ്ര മോദി രാജസ്ഥാനിൽ പറഞ്ഞത്.